നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം; ദ്രൗപദി മുർമു

ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള പുരാതന സാംസ്‌കാരിക ബന്ധം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

നിരവധി സുപ്രധാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും അയൽ രാജ്യവുമായുള്ള വികസന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നേപ്പാൾ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ദ്രൗപതി മുർമുവിന്റെ പ്രതികരണം.

ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തി മേഖലയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ കുറിച്ച് ഇരുവരും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. ജനങ്ങൾ തമ്മിലുള്ള സമ്പർക്കവും സാമ്പത്തിക ബന്ധത്തിലെ പുരോഗതിയും വിനോദസഞ്ചാര മേഖലയെ കൂടുതൽ വിപുലീകരിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.