ഡൽഹി പോലീസ് അന്വേഷണം പൂർത്തിയാകുംവരെ പ്രക്ഷോഭ പരിപാടികൾ നടത്തരുത്; ഗുസ്തി താരങ്ങളോട് അഭ്യർത്ഥനയുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമാക്കിയതോടെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. ഡൽഹി പോലീസ് നടത്തുന്ന അന്വേഷണം പൂർത്തിയാകുംവരെ പ്രക്ഷോഭ പരിപാടികൾ നടത്തരുതെന്നാണ് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ ഗുസ്തി താരങ്ങളോട് അഭ്യർത്ഥിച്ചത്. അന്വേഷണം പൂർത്തിയാകുംവരെ കായിക മേഖലയ്ക്കും താരങ്ങൾക്കും ദോഷമുണ്ടാക്കുന്ന നടപടികൾ ഗുസ്തി താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗുസ്തി താരങ്ങളുടെ പരാതിയിൽ അന്വേഷണം നടത്താൻ ഒരു സമിതിയെ നിയോഗിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതാണ്. ഫെഡറേഷൻ മേധാവിയെ നീക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ കായിക താരങ്ങളുടെ പരിശീലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കോടികളാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേസിൽ ബ്രിജ് ഭൂഷനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലാണ് ഡൽഹി പോലീസ്. കേസുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ബ്രിജ് ഭൂഷൺ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. അതേസമയം, കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് ഗുസ്തി താരങ്ങളും കർഷക സംഘടനകളും വ്യക്തമാക്കുന്നത്.