‘അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം, തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം’; ഹര്‍ജിയുമായി സാബു എം. ജേക്കബ്‌

കൊച്ചി: ഹൈക്കോടതിയില്‍ അരിക്കൊമ്പന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ച് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. കേന്ദ്രസര്‍ക്കാരിനൊപ്പം തമിഴ്‌നാട് സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

‘അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം, ആവശ്യമായ ചികിത്സ നല്‍കണം, തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണം’ -എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആദിവാസി ആനപിടിത്ത സംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചു. മുതുമല കടുവാ സങ്കേതത്തിലെ മീന്‍ കാളന്‍, ബൊമ്മന്‍, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ ആദിവാസി സംഘത്തിലുള്ളത്. വെറ്ററിനറി സര്‍ജന്‍ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പന്‍ സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ ആലോചന. അതിനുള്ള നീക്കങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. വനം വകുപ്പ് ജീവനക്കാര്‍ ആനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.