തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിൽ പ്രതികരിച്ച് മുൻ ഗതാഗത കമ്മീഷണർ ആർ ശ്രീലേഖ. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ കമ്മിറ്റിയാണ് എല്ലാം തീരുമാനിച്ചതെന്നും കെൽട്രോൺ തയ്യാറാക്കിയ ധാരണാപത്രം സർക്കാർ അംഗീകരിച്ചാണ് ഒപ്പിട്ടതെന്നും ശ്രീലേഖ വ്യക്തമാക്കി.
ആദ്യ കരാറിൽ ഒപ്പിട്ടത് ശ്രീലേഖയും കെൽട്രോണുമാണ്. തുടർന്നാണ് ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തിയത്. പൊലീസിൽ നടപ്പിലാക്കിയത് പോലെ ബിഒടി അടിസ്ഥാനത്തിൽ നടപ്പാക്കാനായിരുന്നു ശുപാർശ. എന്നാൽ സർക്കാർ ബൂട്ട് അടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ച് കെൽട്രോണിന് കൈമാറിയെന്നും ശ്രീലേഖ പറഞ്ഞു.
സംസ്ഥാനത്തെമ്പാടും എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെൽട്രോൺ ചെയർമാൻ മറുപടി നൽകിയില്ലെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെൽട്രോൺ എം ഡി നൽകിയതെന്നും ഇടപാടിൽ ഗുരുതര അഴിമതി നടന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും ചെന്നിത്തല പുറത്തുവിട്ടിരുന്നു.

