പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം; ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാളെ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ രാജ്യത്തെ ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പാര്‍ലമെന്റ് വേദിയാവട്ടെയെന്നും മോദി ട്വീറ്റില്‍ കുറിച്ചു.

അതേസമയം, പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ട് നില്‍ക്കും. 6 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും. രാവിലെ ഏഴരക്ക് തുടങ്ങി. 9 മണി വരെ നീളുന്ന പൂജയില്‍ രാജ്യത്തെ ആധ്യാത്മിക നേതാക്കള്‍ പങ്കെടുക്കും. സ്വാതന്ത്ര്യ സമരത്തിലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെട്ട ചെങ്കോല്‍ ചടങ്ങില്‍ പ്രധാനമന്ത്രിക്ക് നല്‍കും. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും. ചെങ്കോല്‍ നിര്‍മ്മിച്ച വുമ്മിടി കുടുംബത്തെ ചടങ്ങില്‍ ആദരിക്കും. 15 കുടുംബാംഗങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കൊപ്പം ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും പങ്കെടുക്കും. എംപിമാര്‍, മുന്‍ പാര്‍ലമെന്റ് സഭാധ്യക്ഷന്മാര്‍, മുഖ്യമന്ത്രിമാര്‍, സിനിമ താരങ്ങള്‍, തുടങ്ങിയവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

അതിനിടെ, സ്വാതന്ത്ര്യദിനത്തിലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിനെ ഇത്രയും കാലം കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്നും, ബ്രിട്ടണ്‍ അധികാരം കൈമാറിയതിന്റെ പ്രതീകമായ ചെങ്കോല്‍ അലഹബാദിലെ നെഹ്‌റുവിന്റെ വസതിയായ ആനന്ദഭവനിലേക്ക് ഒതുക്കപ്പെടുകയായിരുന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. ‘ചെങ്കോലിനെ വിശേഷിപ്പിച്ചത് നെഹ്‌റുവിന് സമ്മാനമായി കിട്ടിയ സ്വര്‍ണ്ണ ഊന്നു വടിയെന്നാണ്. പൂജകള്‍ക്ക് ശേഷമാണ് സ്വാതന്ത്യദിന രാത്രിയില്‍ ചെങ്കോല്‍ നെഹ്‌റുവിന് കൈമാറിയത്’. ചെങ്കോലിനെ അവഗണിച്ചതിലൂടെ ഹിന്ദു ആചാരങ്ങളെ കൂടി കോണ്‍ഗ്രസ് അവഹേളിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.