ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്. മേയ് 28-ന് സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. പാർലമെന്റ് സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച് ഔദ്യോഗിക ക്ഷണം പുറപ്പെടുവിക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നീക്കം.
പാർലമെന്റ് അംഗങ്ങൾക്കു പുറമേ മറ്റു പ്രമുഖരെയും ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്സഭാ ജനറൽ സെക്രട്ടറി ജനറൽ ഉത്പാൽ കുമാർ സിങ് ആണ് പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ക്ഷണക്കത്തയച്ചത്. ഉച്ചയ്ക്ക് 12 മുതലായിരിക്കും ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക. അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങി നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കിയത്.
വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തിയിരുന്നു. ലോക്‌സഭാ സ്പീക്കറോ രാജ്യസഭാ ചെയർമാനോ മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ഒവൈസി ചോദിച്ചത്. എന്തുകൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പൊതുപണം ഉപയോഗിച്ചല്ലേ അത് നിർമിച്ചത്. തന്റെ സുഹൃത്തുക്കളുടെ പണംകൊണ്ട് നിർമിച്ചതാണ് മന്ദിരം എന്ന നിലയിലാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
അതേസമയം, സവർക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടന ചടങ്ങ് നടത്തുന്നതിനെ വിമർശിച്ച് നേരത്തെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു.

