യുദ്ധകാലാടിസ്ഥാനത്തില്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണം: ഹൈക്കോടതി

കൊച്ചി: ക്രിമിനല്‍ നീതി നിര്‍വഹണത്തിന്റെ ഭാഗമായി പൊലീസ് ഡോക്ടര്‍മാര്‍ക്കും മജിസ്‌ട്രേറ്റിനും മുന്നിലെത്തിക്കുന്നവരുടെ കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി.

കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ മരണത്തിന് ശേഷവും പിന്നെയും സമാന സംഭവങ്ങള്‍ ഉണ്ടായതും മജിസ്‌ട്രേറ്റിനു മുന്നില്‍ പോലും പ്രതി ആയുധവുമായെത്തിയതും കോടതി ചൂണ്ടിക്കാട്ടി. പ്രോട്ടോക്കോള്‍ അന്തിമമാക്കുന്നതിനു മുന്‍പ് ഡോക്ടര്‍മാരുടെയും ജുഡീഷ്യല്‍ ഓഫിസര്‍മാരുടെയും സംഘടനകളുടെ അഭിപ്രായം ആരായുന്നതു ഉചിതമാകുമെന്നും പറഞ്ഞു. ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷനെയും കെജിഎംഒഎയും കേസില്‍ കക്ഷി ചേര്‍ത്തു.

അതേസമയം, വന്ദനയുടെ മാതാപിതാക്കള്‍ക്കു ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍, സര്‍ക്കാരാണു തീരുമാനം എടുക്കേണ്ടതെന്നും, സര്‍ക്കാര്‍ തീരുമാനം അറിയിക്കട്ടെ എന്നും കോടതി വ്യക്തമാക്കി. കേസ് മറ്റന്നാള്‍ പരിഗണിക്കും.