ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ട് ഇറക്കിയത് ചില ലക്ഷ്യങ്ങളോടെയാണെന്നും അത് പൂര്‍ത്തിയായെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. വിനിമയആവശ്യങ്ങള്‍ക്ക് മറ്റു നോട്ടുകള്‍ ലഭ്യമാണ്. എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി.
അതേസമയം, നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക്ബാങ്കുകള്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കണം. വെയില്‍ ഏല്‍ക്കാതെ ഉപഭോക്താക്കള്‍ക്ക് നോട്ടുകള്‍ മാറാന്‍ ഷെല്‍ട്ടര്‍ സംവിധാനവും കുടിവെള്ളം സൗകര്യവും ഒരുക്കണം. നോട്ട് കൈമാറാന്‍ തിരിച്ചറിയല്‍ രേഖ വേണ്ട. എല്ലാ കൗണ്ടറുകളില്‍ നിന്നും നോട്ടു മാറാന്‍ ബാങ്കുകള്‍ സംവിധാനമൊരുക്കണം. നാളെ മുതലാണ് 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുക. ഇതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍.
2000 രൂപ നോട്ടുകള്‍ മാറ്റുന്നതെങ്ങനെ?
സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റാനും ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാര്‍ക്ക് 2000 നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും ബാങ്ക് ശാഖയില്‍ നിന്നും 2000 ത്തിന് പകരം മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകള്‍ക്കായി മാറ്റി വാങ്ങാനും കഴിയും. ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കും മറ്റ് ബാധകമായ നിയമപരമായ വ്യവസ്ഥകള്‍ക്കും വിധേയമായി നടത്താം.
കൈമാറ്റ പരിധി:
2023 മെയ് 23 മുതല്‍ ഏത് ബാങ്കിലും 2000 രൂപ നോട്ടുകള്‍ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റുന്നത് ഒരു സമയം 20,000 രൂപ വരെയാക്കാമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

