റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ വ്യക്തമാക്കി.
‘കള്ളപ്പണ നീക്കം കൂടുതല്‍ ദുഷ്‌കരമാക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ സാധ്യത. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ സമ്പദ്വ്യവസ്ഥയില്‍ പ്രകടമായ ഒരു സ്വാധീനവും കാണില്ല. തിരിച്ചെത്തിയ 2,000 രൂപ നോട്ടുകള്‍ക്ക് പകരം, കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. അതിനാല്‍ പണലഭ്യതയെ ഇത് ബാധിക്കില്ല. നിലവില്‍ പൊതുജനങ്ങളുടെ കൈയിലുള്ള പണത്തിന്റെ 10.8 ശതമാനം മാത്രമാണ് 2,000 രൂപ കറന്‍സി നോട്ടുകള്‍ പ്രതിനിധീകരിക്കുന്നതെന്നും, ഇതില്‍ ഭൂരിഭാഗവും അനധികൃത ഇടപാടുകള്‍ക്കായാണ് ഉപയോഗിക്കുന്നത്’- പനഗരിയ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചത്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.

