പ്രധാനമന്ത്രി എപ്പോഴൊക്കെ ജപ്പാൻ സന്ദർശനം നടത്തിയിട്ടുണ്ടോ അന്നൊക്കെ നോട്ട് നിരോധിച്ചിട്ടുണ്ട്; വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2000 രൂപ നോട്ട് പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. മോദി എപ്പോഴൊക്കെ ജപ്പാൻ സന്ദർശനം നടത്തിയിട്ടുണ്ടോ അന്നൊക്കെ നോട്ട് നിരോധിച്ചിട്ടുണ്ടെന്നാണ് ഖാർഗെ വ്യക്തമാക്കുന്നത്. കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽവെച്ചായിരുന്നു ഖാർഗെയുടെ പരാമർശം.

പ്രദാനമന്ത്രി കഴിഞ്ഞ തവണ ജപ്പാനിൽ പോയപ്പോഴാണ് ആയിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇത്തവണ ജപ്പാനിൽ പോയപ്പോൾ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള മറ്റൊരു നോട്ട് നിരോധനമാണ് ഇത്. നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് ഗുണമാണോ നഷ്ടമാണോ ഉണ്ടാകുക എന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിൽ ജപ്പാൻ സന്ദർശനത്തിലാണ് പ്രധാനമന്ത്രി. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ജപ്പാനിൽ പോയത്. രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചായി ആർബിഐ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സെപ്തംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർബിഐ അറിയിച്ചു. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവിൽ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും ആർബിഐ വിശദമാക്കി.

2016 ലാണ് 2000 ത്തിന്റെ നോട്ടുകൾ പുറത്തിറക്കിയത്. അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകൾ പിൻവലിച്ച് പകരം പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ പുറത്തിറ്കകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു നോട്ട് നിരോധനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.