ന്യൂഡൽഹി: പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ’ (Battlegrounds Mobile India -BGMI) രാജ്യത്ത് വീണ്ടും അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ ശക്തമായ നിരീക്ഷണത്തിൽ മൂന്ന് മാസത്തോളം ഗെയിം ലഭ്യമാകുമെന്നാണ് പുറത്തു വരുന്ന വിവരം.
ഈ കാലയളവിൽ ഗെയിം ആപ് ഇന്ത്യയുടെ നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന കാര്യം അധികാരികൾ പരിശോധിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് ഗെയിം ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തത്. വിലക്ക് നീങ്ങിയാൽ ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാകും.
പരിശോധനാ കാലയളവിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ആപ് നിയന്ത്രണങ്ങളില്ലാതെ ലഭ്യമാകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2022 ജൂലൈയിലാണ് ഇന്ത്യയിൽ ബിജിഎംഐ ഗെയിം സുരക്ഷാ പ്രശ്നങ്ങൾ കാരണം നിരോധിച്ചത്. വീണ്ടും അവതരിപ്പിക്കുന്ന ബിജിഎംഐ കളിക്കാർക്ക് ദിവസം മുഴുവൻ ലഭ്യമാകില്ലെന്നും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്നും സൂചനകളുണ്ട്.

