തിരുവനന്തപുരം വിമാനത്താവളത്തില്‍ വമ്പന്‍ വികസന പദ്ധതികളുമായി അദാനി

തിരുവനന്തപുരം: അന്താരാഷ്ട്ര ടെര്‍മിനലിനടുത്തായി പഞ്ചനക്ഷത്ര ഹോട്ടലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമടക്കം നിര്‍മ്മിക്കാനൊരുങ്ങി അദാനി. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം ഗുജറാത്ത് ആചാരപ്രകാരമുള്ള ഐശ്വര്യപൂജ വിമാനത്താവളത്തില്‍ നടത്തി. അന്താരാഷ്ട്ര ടെര്‍മിനലിന്റെ ചാക്കയിലെ പ്രവേശന കവാടത്തിന് സമീപത്തായാണ് പുതിയ എ.ടി.സി നിര്‍മ്മിക്കുന്നത്. ടെര്‍മിനലിന്റെ വലതു ഭാഗത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കാന്‍ പാരിസ്ഥിതികാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചു.

അതേസമയം, 660പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള, 240 മുറികളുള്ള ഹോട്ടലാണ് നിര്‍മ്മിക്കുന്നത്. അദാനി നിര്‍മ്മിക്കുന്ന ഹോട്ടല്‍, ഒബ്റോയ് പോലുള്ള വമ്പന്‍ ഗ്രൂപ്പുകള്‍ക്ക് കൈമാറും. പാരിസ്ഥിതികാനുമതി ഈ മാസം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാന്‍ ഇതിലൂടെ സൗകര്യം ലഭിക്കും. നിലവില്‍ പൈലറ്റുമാരെയും എയര്‍ഹോസ്റ്റസുമാരെയും വിമാനക്കമ്പനികള്‍ മറ്റു ഹോട്ടലുകളിലാണ് താമസിപ്പിക്കുന്നത് അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്ന് 150മീറ്റര്‍ അടുത്തായാണ് ഹോട്ടല്‍ നിര്‍മ്മിക്കുന്നത്.

മുംബൈ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ മാതൃകയിലാവും പുതിയ ടവര്‍. വ്യോമഗതാഗത നിയന്ത്രണം എയര്‍പോര്‍ട്ട് അതോറിട്ടിക്കായതിനാല്‍ ടവര്‍ അവര്‍ക്ക് കൈമാറും. 49മീറ്റര്‍ ഉയരമുള്ള എട്ടുനില ടവറിന് എയര്‍പോര്‍ട്ട് അതോറിട്ടി 115കോടി അനുവദിച്ചിരുന്നെങ്കിലും നടത്തിപ്പ് അദാനിക്കായതോടെ പദ്ധതി നിലച്ചിരുന്നു. തമിഴ്‌നാട്ടിലെ ട്രിച്ചി വരെയും നെടുമ്പാശേരി വിമാനത്താവളം വരെയും സമുദ്രത്തില്‍ 450 കിലോമീറ്റര്‍ വരെയുമാണ് തിരുവനന്തപുരം എ.ടി.സിയുടെ പരിധി.വിമാനങ്ങള്‍ക്ക് സുരക്ഷിത പാതയൊരുക്കുന്നതും കൂട്ടിയിടിയടക്കമുള്ള അപകടങ്ങള്‍ തടയുന്നതും എ.ടി.സിയാണ്.