‘ദി കേരള സ്റ്റോറി’ സിനിമക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനം നീക്കി സുപ്രീംകോടതി

ന്യൂഡൽഹി: ‘ദി കേരള സ്റ്റോറി’ സിനിമക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനം നീക്കി സുപ്രീംകോടതി. സാങ്കൽപ്പിക കഥയാണെന്ന് സ്‌ക്രീനിൽ എഴുതിക്കാണിക്കണമെന്നും കോടതി വ്യക്തമാക്കി. സിനിമ കാണുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.

ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമക്കെതിരെ പശ്ചിമ ബംഗാൾ സംസ്ഥാനം ഏർപ്പെടുത്തിയ നിരോധനത്തെയും ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിന്ന് ചിത്രം ഒഴിവാക്കിയതും ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്.

ചിത്രം വിദ്വേഷ പ്രചാരണമാണെന്നായിരുന്നു ബംഗാൾ സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദർശനം വിലക്കിയതെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചിരുന്നു. എന്നാൽ, എല്ലായിടത്തും ഈ സിനിമ സമാധാനപരമായി പ്രദർശനം തുടരുകയാണെന്നും പശ്ചിമ ബംഗാളിന് എന്താണ് ഇത്ര വ്യത്യാസമെന്നും പ്രശ്‌നം ഒരു ജില്ലയിൽ മാത്രമാണെങ്കിൽ പിന്നെ എന്തിനാണ് സംസ്ഥാനത്തുടനീളം സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയതെന്നും കോടതി ചോദിക്കുന്നു. ബംഗാളിൽ ചിത്രത്തിന്റെ പൊതുപ്രദർശനത്തിന് ആവശ്യമെങ്കിൽ സുരക്ഷ ഒരുക്കണമെന്നും കോടതി നിർദ്ദേശം നൽകി.