ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന് ദാരുണ തോല്‍വി സമ്മാനിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍. 112 റണ്‍സിനാണ് ആര്‍.സി.ബി സഞ്ജുവിനെയും സംഘത്തെയും തൊലിയുരിച്ച് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് ഉയര്‍ത്തിയ ആര്‍.സി.ബി ചേസിംഗിനിറങ്ങിയ രാജസ്ഥാനെ വെറും 10.3 ഓവറില്‍ 59 റണ്‍സില്‍ ചുരുട്ടിക്കൂട്ടുകയായിരുന്നു.മൂന്നോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസര്‍ വെയ്ന്‍ പാര്‍ണലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ ബ്രേസ്വെല്ലും കരണ്‍ ശര്‍മ്മയും ഓരോ വിക്കറ്റ് വീഴ്ത്തിയ സിറാജും മാക്‌സ്വെല്ലും ചേര്‍ന്നാണ് രാജസ്ഥാനെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറിന് ആള്‍ഔട്ടാക്കിയത്.
നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബിയെ അര്‍ദ്ധസെഞ്ച്വറി നേടിയ നായകന്‍ ഡുപ്‌ളെസിയും (55), ഗ്‌ളെന്‍ മാക്‌സ്വെല്ലും (54) ചേര്‍ന്നാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ വിരാട് കൊഹ്ലിയെ (18) ഏഴാം ഓവറില്‍ മലയാളി പേസര്‍ മുഹമ്മദ് ആസിഫ് യശ്വസി ജയ്‌സ്വാളിന്റെ കയ്യിലെത്തിക്കുമ്‌ബോള്‍ ആര്‍.സി.ബി 50 റണ്‍സിലെത്തിയിരുന്നു. തുടര്‍ന്ന് മാക്‌സ്വെല്ലും ഡുപ്‌ളെസിയും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15-ാം ഓവറില്‍ ആസിഫ് തന്നെ ഡുപ്‌ളെസിയെയും പുറത്താക്കി. 44 പന്തുകള്‍ നേരിട്ട ഡുപ്‌ളെസി മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും പായിച്ചശേഷമാണ് ജയ്‌സ്വാളിന് തന്നെ ക്യാച്ച് നല്‍കി മടങ്ങിയത്. വിരാടിന്റെയും ഡുപ്‌ളെസിയുടെയും വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ആസിഫ് നാലോവറില്‍ വഴങ്ങിയത് 42 റണ്‍സാണ്. 16-ാം ഓവറില്‍ ആദം സാം മഹിപാല്‍ ലോമോറിനെയും (1), ദിനേഷ് കാര്‍ത്തികിനെയും (0) പുറത്താക്കി. 18-ാം ഓവറില്‍ സന്ദീപ് ശര്‍മ്മ മാക്സ്വെല്ലിനെയും മടക്കി അയച്ചു. 33 പന്തുകള്‍ നേരിട്ട മാക്‌സ്വെല്‍ അഞ്ചുഫോറും മൂന്ന് സിക്‌സും പായിച്ച ശേഷമാണ് മടങ്ങിയത്. 11 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 29 റണ്‍സ് നേടിയ അനുജ് റാവത്താണ് ടീമിനെ 171ലെത്തിച്ചത്.
ചേസിംഗിനിറങ്ങിയ രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ രണ്ടാം പന്തില്‍തന്നെ കൊഹ്ലിയുടെ കയ്യിലെത്തിച്ച് സിറാജ് ആദ്യവെടി പൊട്ടിച്ചു. അടുത്ത ഓവറില്‍ പാര്‍ണല്‍ ബട്ട്ലറെയും(0) സഞ്ജുവിനെയും (4) കൂടാരം കയറ്റിയതോടെ രാജസ്ഥാന്‍ 7/3 എന്ന നിലയിലായി. അഞ്ചാം ഓവറില്‍ ബ്രേസ്വെല്‍ ദേവ്ദത്ത് പടിക്കലിനെയും (4) അടുത്ത ഓവറില്‍ പാര്‍ണല്‍ ജോ റൂട്ടിനെയും (10) കൂടി പുറത്താക്കിയതോടെ 28/5 എന്ന സ്ഥിതിയിലായി ആതിഥേയര്‍. തുടര്‍ന്ന് ഷിമ്രോണ്‍ ഹെറ്റ്‌മേയര്‍ (35) ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ധ്രുവ് ജുറേല്‍(1), അശ്വിന്‍ (0),ആദം സാംപ(2), ആസിഫ്(0) എന്നിവര്‍കൂടി കൂടാരം കയറി.

