റാന്നിയിൽ തൊഴിലാളിക്ക് നേരെ കടുവ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: റാന്നിയിൽ തൊഴിലാളിക്ക് നേരെ കടുവ ആക്രമണം. പെരുനാട് മന്നപ്പുഴ പുതുവേലിൽ സജിക്ക് നേരെയാണ് ആക്രമണം നടന്നത്. റബ്ബർ ടാപ്പിംഗ് തൊഴിലാളി ആയ സജി കടുവയെ കണ്ട് ബഹളം വച്ചതോടെ കടുവ ഓടി മറഞ്ഞു. തലനാരിഴയ്ക്കാണ് സജി കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. മേഖലയിൽ നേരത്തെ വളർത്ത് മൃഗങ്ങൾക്ക് നേരെ കടുവ ആക്രമണം നടത്തിയിരുന്നു. വനപാലകർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ അവലോകനം ചെയ്തു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

ജനവാസ കേന്ദ്രത്തിൽ കടുവ ഇറങ്ങിയിട്ട് ഒരു മാസത്തോളം ആയെങ്കിലും അതിനെ പിടികൂടാൻ ഉള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിൽ ആണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. മേഖലയിലെ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിൽ കാടുകയറി കിടക്കുകയാണ്. ഇത് വൃത്തിയാക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ കൂടിയാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.

തോട്ടങ്ങളിലെ കാടുകൾ തെളിക്കാൻ പഞ്ചായത്ത് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. തോട്ടം തെളിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഹാരിസൺ മാനേജരുടെ ഓഫീസിൽ ബിജെപി ഉപരോധം നടത്തിയിരുന്നു. അധികൃതർ എത്രയും വേഗം ഈ ജനകീയ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. അത്തരത്തിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആദായ മെഡിക്കൽ മുതലാളിമാരെ വഴിയിൽ തടയും എന്നും പെരുനാട് പ്രദേശങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കുമെന്നും ബിജെപി കൂട്ടിച്ചേർത്തു.