കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടറായ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.
‘ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടൂ. സംഭവസമയത്ത് പൊലീസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നില്ലേ?’ ജസ്റ്റിസുമാരായ ദേവന് രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പ്രത്യേക സിറ്റിംഗില്‍ വിഷയം പരിഗണിക്കവെ ചോദ്യമുന്നയിച്ചു. ‘വെറും 22വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിന്റെ ആഘാതം തിരിച്ചറിയണം. എങ്ങനെ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞു തരേണ്ടത് കോടതിയല്ല. ആക്രമണങ്ങള്‍ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങള്‍’- ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
‘സംഭവങ്ങളെ മുന്‍കുട്ടി കാണാന്‍ സാധിക്കണം. അങ്ങനെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ പൊലീസിനാകണം. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികള്‍ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുന്‍പ് എവിടെയെങ്കിലും ഇത്തരമൊരും സംഭവം ഉണ്ടായിട്ടുണ്ടോ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വികാരപരമായി മാത്രമേ കോടതിയ്ക്ക് ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു’- കോടതി വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ പൊലീസ് മേധാവിയോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

