കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയും കെജിഎംഒഎയും. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ നാളെ രാവിലെ 8 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, അത്യാഹിതവിഭാഗവും ഐസിയുവും ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു അറിയിച്ചു. ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സുല്‍ഫി ആവശ്യപ്പെട്ടു. വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഐഎംഎ വ്യക്തമാക്കി.
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഡോ. വന്ദന ദാസ് (23) ആണ് യുവാവിന്റെ കുത്തേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അടിപിടികേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായ അധ്യാപകനെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്.
