കോൺഗ്രസിന് ഒരിക്കലും രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനമുണ്ടായിരുന്നില്ല; ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദ്ധാനത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത് ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദ്ധാനത്തിനെതിരെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. ഹനുമാന്റെ നാട്ടിൽ ആദരവ് അർപ്പിക്കുന്നതിനായി താൻ എത്തിയപ്പോൾ ‘ജയ് ബജ്രംഗ് ബലി’ എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടന പത്രികയുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ ‘ജയ് ബജ്രംഗ് ബലി’ എന്ന് വിളിക്കുന്നവരെയും എതിർക്കുകയാണ്. കോൺഗ്രസിന് ഒരിക്കലും രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനമുണ്ടായിരുന്നില്ല. കോൺഗ്രസ് ഇവിടെ ജയിച്ചാൽ പി എഫ് ഐയുടെ നിരോധനം നീക്കും. സിദ്ധരാമയ്യ ഭരിച്ച കാലത്ത് അഴിമതി മാത്രമാണ് സംസ്ഥാനത്ത് നടന്നതെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസിന് സാധാരണക്കാരുടെ വിശ്വാസം നഷ്ടമായി. കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത് വാഗ്ദ്ധാനങ്ങൾ നൽകാൻ മാത്രമാണ്. പട്ടിണി മാറ്റുമെന്ന് കോൺഗ്രസ് വാഗ്ദ്ധാനം നൽകിയെങ്കിലും ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല. പട്ടിണി മാറ്റാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് നേതാക്കൾ സമ്പന്നരായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, സാമൂഹിക നീതിയും സാമൂഹിക പുരോഗതിയുമാണ് കർണാടകയിലെ ഡബിൾ എഞ്ചിൻ സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം. പാവപ്പെട്ടവരുടെ ഉന്നമനം, കർഷകരെ ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങളിൽ സർക്കാർ അതീവശ്രദ്ധ പുലർത്തുന്നുണ്ട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് കാലങ്ങളായി സ്വീകരിച്ചുവരുന്നത്. സർജിക്കൽ സ്ട്രൈക്കും എയർ സ്‌ട്രൈക്കും നടത്തിയതിന് കോൺഗ്രസ് രാജ്യത്തെ പ്രതിരോധ സേനകളെ പരിഹസിച്ചു. കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി മാറ്റുന്നതിനുള്ള പദ്ധതിയാണ് ബിജെപി പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽ വച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിന്റെ പ്രകടന പത്രിക വിവാദമായതിന് പിന്നാലെ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലും കോൺഗ്രസ് ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.