തിരുവനന്തപുരം: റോഡ് ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ചലാൻ അയയ്ക്കാൻ ഉത്തരവിറക്കാൻ സർക്കാർ. മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി പിഴ വ്യക്തമാക്കുന്ന ചലാൻ മാത്രം അയയ്ക്കാനായിരുന്നു തീരുമാനം. പിഴ ഈടാക്കാതെ ചലാൻ മാത്രമായി അയയ്ക്കുന്നത് നിയമ പ്രശ്‌നത്തിന് ഇടയാക്കുമെന്നതിനാലാണ് സർക്കാർ ഉത്തരവ് പുറത്തിറക്കുന്നത്.
ഒരു മാസം 25 ലക്ഷം ചലാനുകൾ അയയ്ക്കാൻ കഴിയും. ചലാൻ അയയ്ക്കുന്ന പ്രവർത്തനത്തിനായി കൺട്രോൾ റൂമുകളിൽ 140 ജീവനക്കാരെ നിയോഗിക്കും. ഇതിനോടകം 70 ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
ക്യാമറകൾ നിയമലംഘനങ്ങളുടെ ഫോട്ടോ കേന്ദ്ര കൺട്രോൾ റൂമിലേക്ക് അയയ്ക്കും. ജീവനക്കാർ കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് സിസ്റ്റം) സെർവറിലേക്ക് അപ്ലോഡ് ചെയ്യും. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഈ ഡേറ്റ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

