തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ആരോപണവുമായി ഓർത്തഡോക്സ് സഭ രംഗത്ത്. യാക്കോബായ വിഭാഗത്തിന് വേണ്ടി ടോം ജോസഫ് കേരള ചീഫ് സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തുവെന്നാണ് ഓർത്തഡോക്സ് സഭയുടെ ആരോപണം. സെമിത്തേരി ബില്ലിൽ സർക്കാരിനെ കൊണ്ട് തന്റെ ഉദ്ദേശം നടപ്പിലാക്കാൻ ടോം ജോസ് ലക്ഷ്യമിട്ടെന്ന ആരോപണവും സഭ ഉന്നയിക്കുന്നുണ്ട്.
ടോം ജോസിന്റെ വിവാദ പ്രസ്താവനകൾ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പറയുന്നത്. സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തുവെന്ന് പറഞ്ഞ് ടോം ജോസ് സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്നുവെന്നും സഭ ആരോപിച്ചു.
യാക്കോബായ-ഓർത്തഡോക്സ് തർക്കത്തിൽ വിവാദ വെളിപ്പെടുത്തലുമായി ടോം ജോസ് രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. 1934 ലെ സഭാ ഭരണഘടന ഓർത്തഡോക്സ് വിഭാഗം കണ്ടിട്ടുപോലുമില്ലെന്നും സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തെന്നുമാണ് ടോം ജോസ് വെളിപ്പെടുത്തിയത്.

