ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്ന് ചുമട്ട് തൊഴിലാളികൾ രോഗികളെ ചുമന്ന സംഭവം; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ് വിജിലൻസ്

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്ന് ചുമട്ട് തൊഴിലാളികൾ രോഗികളെ ചുമന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ് വിജിലൻസ്. ആരോഗ്യ വകുപ്പ് വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ഡോ. ഡോസ് ഡിക്രൂസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശം അനുസരിച്ചാണ് നടപടി.

കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് കഴിഞ്ഞ മാസം നാലിനാണ് കേടായത്. ഇത്രയും കാലമായിട്ടും ലിഫ്റ്റ് നന്നാക്കാത്തത് സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നതിൽ ആശുപത്രി അധികൃതർ കാലതാമസം വരുത്തിയതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കിടപ്പ് രോഗികളെ ചുമന്നാണ് ആശുപത്രി ജീവനക്കാർ വിവിധ നിലകളിൽ എത്തിക്കുന്നത്. ചുമട്ട് തൊഴിലാളികൾ രോഗികളെ ചുമന്ന് ഇറക്കേണ്ടി വന്നതും മൃതദേഹം നാലാം നിലയിൽ നിന്ന് ചുമന്നിറക്കിയ സാഹചര്യവും പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. അഡീഷണൽ ഡയറക്ടർ ഡോ. ജോസ് ഡിക്രൂസ് ആശുപത്രിയിലെത്തി കേടായ ലിഫ്റ്റ് പരിശോധിച്ചു. ശേഷം ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം അടക്കമുള്ളവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.