തിരുവനന്തപുരം: കക്കുകളി നാടകത്തിനെതിരെ വിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കക്കുകളി നാടക വിവാദത്തിൽ പരിശോധിക്കാൻ ഒന്നുമില്ലെന്നും മതവികാരം വ്രണപ്പെടുത്തുന്ന സൃഷ്ടികൾ സർക്കാർ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും ശരിയല്ല. ഇതു സംബന്ധിച്ച മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരുമായി ബന്ധം ഇല്ലാത്തതിനാൽ നാടകം വിലക്കാൻ കഴിയില്ല. നാടകം പരിശോധിച്ച് തിരുത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളാണ് നാടകം ബഹിഷ്‌കരിക്കേണ്ടത്. സർക്കാർ വിലക്കില്ല. ഇത് മാന്യതയുടെ പ്രശ്‌നമാണ്, ആശയങ്ങൾ ആരെയും വേദനിപ്പിക്കാനല്ല, മനുഷ്യ നന്മക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
ദി കേരളാ സ്റ്റോറിക്കെതിരെയുള്ള വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. നിയമ നടപടി എടുക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നിയമനടപടി രണ്ടാമത്തെ കാര്യമാണ്, ജനങ്ങളാണ് സിനിമ ബഹിഷ്‌കരിക്കേണ്ടതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

