പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ; അമിത് ഷാ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു സ്വകാര്യ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിഘടന വാദത്തോട് കണ്ണടച്ചിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സത്യപാൽ മാലിക്ക് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ഗവർണർ ആയിരിക്കെ സത്യപാൽ മാലിക് ഈ ആരോപണങ്ങൾ എന്തുകൊണ്ട് ഉയർത്തിയില്ലെന്നാണ് അമിത് ഷാ ചോദിക്കുന്നത്.

കർണാടകയിൽ അധികാരത്തിൽ എത്തിയാൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ അവകാശവാദവും അമിത് ഷാ തള്ളി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുതെന്ന് അദ്ദേഹം അറിയിച്ചു.

വോട്ട് നേടാനുള്ള കോൺഗ്രസിന്റെ പ്രീണന നയം ആണ് വാഗ്ദാനത്തിന് പിന്നിൽ. മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണെന്നും അമിത് ഷാ വിമർശിച്ചു.