വിദ്വേഷ പ്രസംഗങ്ങൾ; സംസ്ഥാനങ്ങൾ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിലപാട് ശക്തമാക്കി സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സംസ്ഥാനങ്ങൾ സ്വമേധയാ കേസെടുക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത്. നേരത്തെ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവാണ് എല്ലാ സംസ്ഥാനങ്ങൾക്കും ഇപ്പോൾ ബാധകമാക്കിയിട്ടുള്ളത്.

രണ്ടു വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക, ദേശീയ ഐക്യം തകർക്കുക, മതവികാരം വ്രണപ്പെടുത്തുക, ഭയപ്പെടുത്തൽ തുടങ്ങിയവയിൽ പരാതിയില്ലാതെ തന്നെ പോലീസ് കേസെടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും വിദ്വേഷ പ്രസംഗം ബാധിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കെ എം ജോസഫ്, ബിവി നാഗരത്‌ന എന്നിവരുൾപ്പെട്ട ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ, ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് കേസെടുക്കുന്ന രീതി ഉണ്ടാകരുതെന്ന കർശന നിർദ്ദേശവും സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നൽകി.