ദേവികുളം മുൻ എംഎൽഎ എ രാജയ്ക്ക് ആശ്വാസ വിധി; അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ

ന്യൂഡൽഹി: ദേവികുളം മുൻ എംഎൽഎ എ രാജയ്ക്ക് ആശ്വാസ വിധി. രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. എ രാജ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഭാഗിക സ്റ്റേ വിധിച്ചത്. സുപ്രീം കോടതി വിധിയോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം.

എന്നാൽ, വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനുള്ള അവകാശവും ഉണ്ടായിരിക്കില്ല. ഇനി ജൂലൈ മാസമാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

അതേസമയം, സ്റ്റേ ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കും എന്ന രാജയുടെ വാദം അംഗീകരിച്ചാണ് കോടതി ഇളവ് നൽകിയത്. രാജ ക്രിസ്തുമതം പിന്തുടരുന്നില്ല എന്ന് എങ്ങനെ തെളിയിക്കുമെന്നും കോടതി ചോദിച്ചിരുന്നു.