ശാസ്ത്രജ്ഞനും ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും വിഖ്യാത ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. ആറായിരത്തിലധികം പ്രഭാഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. പല വിദേശ രാജ്യങ്ങളിലും പ്രഭാഷണം നടത്താനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചത് എൻ ഗോപാലകൃഷ്ണനും സഹപ്രവർത്തകരും ചേർന്നാണ്. സംസ്‌കൃതത്തിലെ ഗവേഷണത്തിനും പഠനത്തിനും ഡി.ലിറ്റ് ലഭിച്ച ഏക ശാസ്ത്രജ്ഞനും അദ്ദേഹമാണ്.

സിഎസ്ഐആറിൽ അദ്ദേഹം സയന്റിസ്റ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1993-94 കാലഘട്ടത്തിൽ കാനഡയിലെ ആൽബർട്ട സർവ്വകലാശാലയിൽ വിസിറ്റിങ് സയന്റിസ്റ്റ് ആയി. ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിസിറ്റിങ് ഫാക്കൽറ്റി അംഗമായും എൻ ഗോപാലകൃഷ്ണൻ പ്രവർത്തിച്ചു.