ഹയര്‍ സെക്കന്‍ഡറി വിഭാഗം ജൂനിയര്‍ ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്ക് പുനര്‍ നിയമനം നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്സി വഴി നിയമനം ലഭിച്ച ശേഷം തസ്തിക പുനര്‍ നിര്‍ണയത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ട 68 ഹയര്‍ സെക്കന്‍ഡറി വിഭാഗം ജൂനിയര്‍ ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്ക് 2025 മെയ് 31 വരെ പുനര്‍ നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 68 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു കൊണ്ടാണ് നിയമനം നല്‍കുന്നത്.

അതേസമയം, പിഎസ്സി വഴി നിയമനം ലഭിച്ച് ഒന്നര വര്‍ഷത്തിലേറെ ജോലി ചെയ്ത ശേഷമാണ് ജൂനിയര്‍ ഇംഗ്ലീഷ് അദ്ധ്യാപകരെ നേരത്തെ പിരിച്ചുവിട്ടത്. ഒഴിവുകളുണ്ടാകുമ്പോള്‍ സീനിയോറിറ്റി അടിസ്ഥാനത്തില്‍ നിയമനം നല്‍കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉറപ്പ്. 2018ലെ പരീക്ഷയില്‍ മുന്നിലെത്തി 2019ലെ റാങ്ക് ലിസ്റ്റില്‍ നിന്ന് 2021ല്‍ സ്ഥിര നിയമനം കിട്ടിയവരായിരുന്നു ഈ 68 അദ്ധ്യാപകരും. നിയമന പ്രശ്നത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഈസ്റ്റര്‍ ദിനത്തില്‍ അദ്ധ്യാപകര്‍ യാചകാ സമരം നടത്തിയിരുന്നു. തസ്തികാ പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി സീനിയര്‍ അദ്ധ്യാപകര്‍ ആഴ്ചയിലെടുക്കേണ്ട ക്ലാസ് 24 ല്‍ നിന്ന് 25 ആക്കിയതോടെ ജൂനിയര്‍ അദ്ധ്യാപകര്‍ എടുക്കേണ്ട ക്ലാസുകള്‍ ഏഴില്‍ നിന്ന് ആറായി കുറഞ്ഞതിനാലാണ് 68 അദ്ധ്യാപകര്‍ വിദ്യാഭ്യാസവകുപ്പിന് അധികപ്പറ്റായത്.

എന്നാല്‍, ഇത്രയധികം ആളുകളെ പിരിച്ചുവിട്ട്, തുടര്‍ന്ന് ക്ലാസ് നടത്താന്‍ ഗസ്റ്റ് ടീച്ചര്‍മാരെ റിക്രൂട്ട് ചെയ്യുന്നതില്‍ വകുപ്പിന് പ്രശ്‌നമില്ല. സ്ഥിരനിയമനം ലഭിച്ചവരെ ഒഴിവാക്കി അവിടെ ഗസ്റ്റുകളെ കുടിയിരുത്താന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ യുക്തിയെന്താണെന്നാണ് അധ്യാപകര്‍ ഉയര്‍ത്തുന്ന ചോദ്യം.