തിരുവനന്തപുരം: വനംവകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പീപ്പിൾസ് ഫോർ ആനിമൽ സംഘടന. വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി രക്ഷാദൗത്യത്തിനിടെ ചത്ത സംഭവത്തിലാണ് വനംവകുപ്പിനെതിരെ സംഘടന കോടതിയെ സമീപിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകാനാണ് സംഘടനയുടെ തീരുമാനം. കിണറ്റിൽ വീണ കരടി ചത്തത് വനംവകുപ്പിന്റെ അനാസ്ഥ മൂലമാണെന്ന് സംഘടന കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റിൽ കരടി വീണത്. പ്രഭാകരന്റെ വീടിനു സമീപത്തെ കോഴിക്കൂട്ടിൽ നിന്നു കോഴികളെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റിൽ വീണത്. രണ്ടു കോഴികളെ കരടി പിടിച്ചിരുന്നു. മൂന്നാമത്തെ കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന്റെ വക്കിലേക്ക് കോഴി പറന്നുനിന്നു. ഇതിനിടെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റിൽ വീഴുകയായിരുന്നു.
തുടർന്ന് വീട്ടുകാർ വിവരം വനം വകുപ്പിനെ അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കരടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ ശ്വാസതടസ്സത്തെ തുടർന്നു തിരിച്ചുകയറി. മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചെങ്കിലും, മയക്കുവെടിയേറ്റ കരടി മയങ്ങി വെള്ളത്തിൽ മുങ്ങുകയായിരുന്നു. പിന്നീട് കിണറ്റിൽ നിന്നും കരടിയെ പുറത്തെത്തിച്ചെങ്കിലും കരടി മരണപ്പെട്ടു.

