കൊച്ചി: എസ്.എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
തനിക്ക് 85 വയസുണ്ടെന്നും അതിനാല്‍ വിചാരണ തുടരാന്‍ ഉത്തരവിട്ട വിധി സ്റ്റേ ചെയ്യണമെന്നും ഇനി വിചാരണ തുടരുകയാണെങ്കില്‍ തന്നെ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് അനുവദിക്കണമെന്നുമാണ് വെള്ളാപ്പള്ളിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, വെള്ളാപ്പള്ളിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ വിചാരണ കോടതിയെ തന്നെ സമീപിക്കാം. നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കുന്നതെല്ലാം വിചാരണ കോടതിയുടെ അധികാര പരിധിയില്‍പ്പെടുന്നതാണ്. അതുകൊണ്ട് കേസില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, വെള്ളാപ്പള്ളി നടേശനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കിയ കൊല്ലം സി.ജെ.എം കോടതിയുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ കേസില്‍ തുടരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് തീരുമാനം നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ ക്രൈംബ്രാഞ്ച് നല്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. തുടരന്വേഷണത്തിനെതിരെ കേസിലെ പരാതിക്കാരന്‍ കൊല്ലം കടപ്പാക്കട സ്വദേശി സുരേന്ദ്ര ബാബു നല്കിയ ഹര്‍ജി അനുവദിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നത്.

