‘വര്‍ഷങ്ങളോളം വേട്ടയാടി, എന്റെ മാനം തകര്‍ത്തതിനും പണം പോയതിനും കണക്കില്ല’: കെ.എം ഷാജി

കോഴിക്കോട്: പ്ലസ്ടു കോഴക്കേസിന്റെ പേരില്‍ തനിക്ക് അങ്ങേയറ്റത്തെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്ന് മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എ.യുമായ കെ.എം. ഷാജി പ്രതികരിച്ചു. കേസില്‍ പണം വാങ്ങി എന്നു പറയുന്ന സര്‍ക്കാര്‍ ജോലിക്കാരനെക്കുറിച്ച് അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.

കെ.എം ഷാജിയുടെ പ്രതികരണം

‘എതിരാളികളെ ഇല്ലാതാക്കുക എന്ന പണി രാഷ്ട്രീയത്തില്‍ ആരും ചെയ്യരുത്. അതൊരു മര്യാദ കെട്ട പണിയാണ്. ജനാധിപത്യ പ്രക്രിയയില്‍ ഒരു മുഖ്യമന്ത്രിക്ക് എനിക്ക് ഇതിനെക്കാള്‍ വലിയ ഒരടി കൊടുക്കാനില്ല. നിയമത്തിന്റെ വഴിയിലൂടെ പോയി മുഖ്യമന്ത്രിക്കിട്ട് ഞാന്‍ വെട്ടിയത് 52 വെട്ടാണ്. ജനാധിപത്യത്തിന്റെ വഴിയില്‍ മുഖ്യമന്ത്രിയെ 52 വെട്ട് വെട്ടിയതിന്റെ സന്തോഷം ഇപ്പോള്‍ എനിക്കുണ്ട്. പൊതുപ്രവര്‍ത്തകനായ ഒരാളുടെ മേല്‍ വരുന്ന അഴിമതിയാരോപണങ്ങളില്‍ ആയിരത്തിലൊരു സാധ്യതയെങ്കിലും ഉണ്ടെങ്കില്‍ രാജ്യത്തെ ഒരു കോടതിയും എഫ്.ഐ.ആര്‍ റദ്ദ് ചെയ്യില്ല. ഈ കേസ് അത്രമേല്‍ ദുര്‍ബലമായിരുന്നു എന്നായിരുന്നു തെളിയുന്നത്. അതിന്റെ പേരില്‍ ഭരണകൂടത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് എന്നെ നീണ്ട വര്‍ഷങ്ങള്‍ വേട്ടയാടി. കേസിന്റെ പേരില്‍ എന്റെ മാനം തകര്‍ത്തതിനും പണം പോയതിനും കണക്കില്ല. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പാണ് ഈ കേസ് ഉയരുന്നത്. അഴീക്കോട് ഞാന്‍ തോറ്റതിന്റെ ഏറ്റവും സുപ്രധാനമായ കാരണം ഈ കള്ളക്കേസായിരുന്നു. എന്റെ പേരില്‍ ഈ കള്ളത്തരം പറഞ്ഞു പ്രചരിപ്പിച്ച് അവിടെ ഒരാള്‍ ജയിക്കുകയും ചെയ്തു. ഈ വിജയത്തിന്റെ സാംഗത്യം സി.പി.എം. പരിശോധിക്കണം. ഈ പേരു പറഞ്ഞ് വാങ്ങിയ വോട്ടില്‍ ജയിച്ച അദ്ദേഹത്തോട് രാജിവെക്കണമെന്നൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. ഉളുപ്പുണ്ടെങ്കില്‍ മാപ്പെങ്കിലും പറയണം. 2017 സെപ്റ്റംബര്‍ 19-നാണ് കുടുവന്‍ പദ്മനാഭന്‍ കേസ് കൊടുക്കുന്നത്. കൃത്യം പിറ്റേന്ന് മുഖ്യമന്ത്രി ഈ ഫയലില്‍ ഒപ്പിടുന്നു. ഈ കേസിന്റെ പ്രാഥമികമായ ഒരു തമാശ ഇതായിരുന്നു. അഴീക്കോട് നിന്ന് തിരുവനന്തപുരത്ത് പരാതിയെത്തുന്നതിനു മുന്‍പ് മുഖ്യമന്ത്രി ഒപ്പിട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി പറഞ്ഞ ഈ കേസിലെ കള്ളക്കളിയിലെ ആദ്യത്തേത് ഇതാണ്.
കേസില്‍ ഇ.ഡി.യെ ക്ഷണിച്ചുവരുത്തിയത് വിജിലന്‍സാണ്. ഇ.ഡി ചോദ്യം ചെയ്യലിനിടെ ഒരു ഉദ്യോഗസ്ഥന്‍ എന്നോട് പിണറായിയുമായി നന്നാവണമെന്ന് പരസ്യമായി പറഞ്ഞു. ഓഫീസില്‍ ഇരുത്തി പീഡിപ്പിക്കുകയായിരുന്നു. ഭാര്യവീട്ടുകാരെ വരെ വിളിച്ച് ആക്ഷേപിച്ചു. മാനസികമായി എന്നെ പീഡിപ്പിക്കാവുന്നതിന്റെ അങ്ങേയറ്റം പീഡിപ്പിച്ചു. കഞ്ചാവ് കൃഷി നടത്തിയതുപോലെയാണ് ഞാന്‍ ഇഞ്ചി കൃഷി നടത്തിയതിനെ പരിഹസിച്ചത്. വിളവെടുപ്പിനെയും വിളവിറക്കലിനെയും കുറിച്ച് ഒരു ബോധ്യവുമില്ലാത്തവരാണ് ഡി.വൈ.എഫ്.ക്കാര്‍. അവര്‍ക്ക് ആകെ അറിയാവുന്നത് കണ്ണൂരില്‍ വിളവിറക്കുകയും തിരുവനന്തപുരത്ത് വിളവെടുക്കുകയും ചെയ്യുക എന്ന രാഷ്ട്രീയക്കച്ചവടം മാത്രമാണ്. പിണറായിക്കാലത്തുതന്നെ ഈ കേസില്‍നിന്ന് മുക്തനാകണമെന്നായിരുന്നു എന്റെ പ്രാര്‍ഥന. റംസാനിലെ അവസാനത്തെ പത്തില്‍ തന്റെ പ്രാര്‍ഥന ദൈവം കേട്ടു.’

അതേസമയം, യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് (2014-15) അഴീക്കോട് ഹൈസ്‌കൂളില്‍ സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കേസ്. ലീഗ് നേതാവ് തന്നെയായിരുന്നു ഇതുസംബന്ധിച്ച ആരോപണം ആദ്യമുന്നയിച്ചത്. പിന്നീട് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം. നേതാവ് കുടുവന്‍ പദ്മനാഭന്‍ നല്‍കിയ പരാതിയില്‍ 2020 ജനുവരിയിലാണ് ഷാജിയെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് നിലനില്‍ക്കില്ലെന്ന ഷാജിയുടെ വാദം അംഗീകരിച്ചാണ് എഫ്.ഐ.ആറിലെ തുടര്‍നടപടികള്‍ ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്.