എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്‌നി കോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്‌നി കോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തിൽ ഇടപെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചിറക്കലിലാണ് പെരുങ്കളിയാട്ടം നടന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ സംഭവത്തിൽ സ്വമേധയാണ് കേസെടുത്തത്. നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ തുടങ്ങിയവരോട് കമ്മീഷൻ നിർദ്ദേശിച്ചു.

തെയ്യം ആചാരത്തിന്റെ ഭാഗമായി തീ കനലിൽ ചാടുന്നുണ്ട്. തെയ്യം കഴിഞ്ഞതിന് പിന്നാലെ അവശനിലയിലുള്ള കോലധാരിയായ കുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ബാലാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്.

ചിറക്കൽ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. 45 വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ ഒറ്റക്കോലം കെട്ടിയാടിയത്.