അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമോ?

ന്യൂഡല്‍ഹി: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് മുന്‍കൈ എടുത്തതെന്ന് സൂചന. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അനിലുമായി ബി ജെ പി നേതാക്കള്‍ ബന്ധപ്പെട്ടത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അനില്‍ ബി ജെ പിയിലെത്തുന്നത്. അനിലിന്റെ ദേശീയ തലത്തിലെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

അതേസമയം, എ.കെ ആന്റണിയുടെ മകനെ പാര്‍ട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായാണ് ബി ജെ പി കാണുന്നത്. അനില്‍ ആന്റണിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്നും മത്സരിപ്പിക്കാന്‍ ബി ജെ പിയില്‍ ആലോചനയുണ്ടെന്നാണ് സൂചന. അനിലിന് പിന്നാലെ പലരും ഇനിയുമെത്തുമെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു.

അതിനിടെ, ബി ജെ പിയിലേക്കുള്ള രംഗപ്രവേശനം ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് അനില്‍ ആന്റണി ആവര്‍ത്തിച്ചു. തന്നെ സ്വീകരിച്ചതില്‍ ബി ജെ പി നേതൃത്വത്തിന് നന്ദി അറിയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഇന്ന് പഴയ കോണ്‍ഗ്രസല്ല. ജനകീയ പ്രശ്‌നങ്ങളേക്കാള്‍ കോണ്‍ഗ്രസിന് ഇന്ന് വ്യക്തി താത്പര്യമാണുള്ളത്. മോദി ലോകത്ത് തന്നെ ജനപ്രീതി കൂടിയ നേതാവാണ്. അടുത്ത 25 വര്‍ഷം മുന്നില്‍ കണ്ട് നയമുണ്ടാക്കുന്ന നേതാവാണ് അദ്ദേഹം. മോദി ജാതിമത വേര്‍തിരിവില്ലാത്ത നേതാവാണെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു.