പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസ്; കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷ തട്ടിപ്പ് കേസില്‍ അഞ്ച് എസ്എഫ്‌ഐ നേതാക്കളും ഒരു സിവില്‍ പൊലീസ് ഓഫീസറും പ്രതികളായുള്ള കുറ്റപത്രം തയ്യാറായി. 2018 ജൂലായില്‍ നടന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ നടത്തിയ തട്ടിപ്പാണ് കേസിനാസ്പദം.

എസ്എഫ്‌ഐ പ്രാദേശിക നേതാക്കളായ ശിവരഞ്ജിത്, പ്രണവ്, നസീം, സഫീര്‍, പ്രവീണ്‍ എന്നിവരും പേരൂര്‍ക്കട ക്യമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ ഗോകുലുമാണ് പ്രതികള്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സഹപാഠിയുടെ നെഞ്ചത്ത് കുത്തിയ എസ്എഫ്‌ഐ നേതാക്കളാണ് ശിവരഞ്ജിത്തും കൂട്ടരും. മൂവരും 2018 ജൂലായില്‍ നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും 28ഉം റാങ്ക് നേടിയിരുന്നു. കോപ്പിയടിച്ചാണ് ഇവര്‍ ഉന്നത റാങ്ക് നേടിയതെന്ന് കണ്ടെത്തിയിരുന്നു. ശിവരഞ്ജിത്തും പ്രണവും നസീമും പരീക്ഷാഹാളിലിരുന്ന് സ്മാര്‍ട് വാച്ചിലെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്ത് അയച്ചു. സഫീര്‍, ഗോകുല്‍, പ്രവീണ്‍ എന്നിവര്‍ ഗൂഗിളില്‍ നോക്കി ഉത്തരം കണ്ടെത്തി തിരിച്ചും നല്‍കിയെന്നുമാണ് കണ്ടെത്തല്‍.

അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണം ഇതിനിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. അതിനു ശേഷമാണ് കുറ്റപത്രം ഒരുങ്ങുന്നത്.