തൃശൂര്‍: അവണൂരില്‍ കടലക്കറിയില്‍ വിഷം ചേര്‍ത്ത് പിതാവ് ശശീന്ദ്രനെ കൊലപെടുത്തിയതാണെന്ന് ഇയാളുടെ മകനും ആയുര്‍വേദ ഡോക്ടറുമായ മയൂര്‍നാഥ് (25) പൊലീസിനോട് സമ്മതിച്ചു. മയൂര്‍നാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ മുഖേനെയാണു വിഷം വാങ്ങിയത്. സ്വത്തിനുവേണ്ടിയാണ് ഇയാള്‍ അച്ഛനും അമ്മയ്ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഏതെന്നു തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ കൊലപാതകം പൊലീസ് ഉറപ്പിച്ചു.
‘അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാന്‍ ഉദ്ദേശ്യമില്ലായിരുന്നു’- പൊലീസ് കസ്റ്റഡിയില്‍ മയൂര്‍നാഥ് സത്യം പറഞ്ഞു. വീട്ടിലുണ്ടാക്കിയ പ്രഭാതഭക്ഷണം കഴിച്ചതിനുശേഷമാണ് ശശീന്ദ്രന്‍ അവശനിലയിലായത്. വീട്ടില്‍ നിന്ന് ഇഡലിയും സാമ്പാറും കടല കറിയുമായിരുന്നു കഴിച്ചത്. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ശശീന്ദ്രന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇതേ ഭക്ഷണം കഴിച്ച ശശീന്ദ്രന്റെ അമ്മയ്ക്കും രണ്ടാം ഭാര്യയ്ക്കും രണ്ടു തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും അസ്വസ്ഥതയുണ്ടായി. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ശശീന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചതിനുശേഷം മയൂര്‍നാഥിനെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് ഓണ്‍ലൈനില്‍നിന്നും വിഷം വരുത്തിയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകുകയായിരുന്നു. ശശീന്ദ്രനും ആദ്യ ഭാര്യ ബിന്ദുവിനും പിറന്ന കുട്ടിയാണു മയൂര്‍നാഥ്. പഠിക്കാന്‍ മിടുക്കനായിരുന്ന മയൂര്‍നാഥിന് എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും ആയുര്‍വേദത്തില്‍ ഉപരിപഠനമാണു തിരഞ്ഞെടുത്തത്. ആയുര്‍വേദ മരുന്നുകള്‍ സ്വയം ഗവേഷണം നടത്തി കണ്ടെത്താന്‍ വീടിന്റെ മുകളില്‍ ഒരു ലാബും സജ്ജമാക്കി. ഈ ലാബിനു വേണ്ടി ഇടയ്ക്കിടെ മയൂര്‍നാഥ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇത് അച്ഛന്‍ എതിര്‍ത്തു. ഇത് കൊലയില്‍ എത്തി.
അതേസമയം, ആയുര്‍വേദ ഡോക്ടര്‍ ആയ പ്രതി രാസക്കൂട്ടുകള്‍ വരുത്തിയത് ഓണ്‍ലൈന്‍ വഴിയാണ്. ഇത് കൂട്ടിച്ചേര്‍ത്താണ് വിഷം ഉണ്ടാക്കിയത്. ഇതിനുശേഷം ആത്മഹത്യ ചെയ്യാനും പ്രതി പദ്ധതി ഇട്ടിരുന്നു. എന്നാല്‍ രണ്ടാനമ്മ ഗീതയും ശശീന്ദ്രന്റെ അമ്മ കമലാക്ഷിയും തോട്ടത്തിലെ ജോലിക്കാരും ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണതോടെ ഈ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച മറ്റു നാലുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. ശശീന്ദ്രന്റെ അമ്മ കമലാക്ഷി അമ്മ (95), ശശീന്ദ്രന്റെ രണ്ടാംഭാര്യ ഗീത(42), വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റുത്തൊഴിലാളികള്‍- ചന്ദ്രന്‍(47), ശ്രീരാമചന്ദ്രന്‍ (50)എന്നിവരാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്

