‘പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് ചോദിക്കാം, മോദിയുടെ ബിരുദ യോഗ്യതയെ ചോദ്യം ചെയ്യുന്നത് മര്യാദയല്ല’: അജിത് പവാര്‍

മുംബൈ: മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്നും നേതാക്കള്‍ അവരുടെ ഭരണകാലയളവില്‍ കൈവരിച്ച നേട്ടത്തെക്കുറിച്ചാണ് ജനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും എന്‍സിപി നേതാവ് അജിത് പവാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2014ല്‍ ജനങ്ങള്‍ മോദിക്ക് വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ ബിരുദം നോക്കിയാണോ. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമായത്. ഇപ്പോള്‍ ഒമ്ബതു വര്‍ഷമായി മോദി രാജ്യത്തെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ ബിരുദ യോഗ്യതയെക്കുറിച്ച് ചോദിക്കുന്നത് മര്യാദയല്ല. പണപ്പെരുപ്പത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ചോദിക്കാം. മന്ത്രിമാരുടെ ബിരുദ യോഗ്യത എന്താണെന്നത് ഒരു വിഷയമേയല്ല. പ്രധാനമന്ത്രിയുടെ ബിരുദ വിദ്യാഭ്യാസം സംബന്ധിച്ച് വ്യക്തത വന്നാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാനാകുമോ? അദ്ദേഹത്തിന് ഏത് വിഷയത്തിലാണ് ബിരുദം എന്നറിഞ്ഞാല്‍ ജനങ്ങള്‍ക്ക് ജോലി കിട്ടുമോ?’- അജിത് പവാര്‍ ചോദിച്ചു.

അതേസമയം, നരേന്ദ്രമോദി തന്റെ ബിരുദ പഠനം സംബന്ധിച്ച കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുമ്ബില്‍ വെളിപ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. ‘തങ്ങളുടെ പ്രധാനമന്ത്രി എത്രമാത്രം വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമില്ലേ. അദ്ദേഹം തന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിക്കാന്‍ വിമുഖത കാട്ടുകയാണ്. അതെന്തുകൊണ്ടാണ്? അദ്ദേഹത്തിന്റെ ബിരുദ വിദ്യാഭ്യാസത്തെക്കുറിച്ച് അറിയണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് പിഴ ഈടാക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിരക്ഷരനും കുറഞ്ഞ വിദ്യാഭ്യാസമുള്ളവനുമായ പ്രധാനമന്ത്രി രാജ്യത്തിനാപത്താണ്’- എന്നാണ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.