റിപ്പോ നിരക്ക് കാല്‍ ശതമാനം കൂടി വര്‍ധിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്‌

കാല്‍ ശതമാനം കൂടി നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. യുഎസ് ഫെഡറല്‍ റിസര്‍വ്, യൂറോപ്യന്‍ കേന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ സമീപകാല നടപടികള്‍ വിലയിരുത്തിയശേഷമാകും തീരുമാനമെടുക്കുക.2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ നയപ്രഖ്യാപനം ഏപ്രില്‍ ആറിനാണ് നടക്കുക.

അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, 2022 മെയ്ക്കുശേഷം റിപ്പോ നിരക്ക് 2.50 ശതമാനം വര്‍ധിപ്പിച്ചിരുന്നു. നിലവിലെ വളര്‍ച്ചാ മാന്ദ്യവും പണപ്പെരുപ്പത്തിലുണ്ടായ നേരിയ കുറവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ നിരക്ക് കുറയ്ക്കാന്‍ പണനയ സമിതി തയ്യാറായേക്കാമെന്നും സൂചനയുണ്ട്.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 6.52ശതമാനവും ഫെബ്രുവരിയില്‍ 6.44ശതമാനവുമായിരുന്നു. എന്നാല്‍, റീട്ടെയില്‍ പണപ്പെരുപ്പം 2-4ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുകയെന്നതാണ് ആര്‍ബിഐ നേരിടുന്ന പ്രതിസന്ധി.