സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സ്ആപ്പ് ടെക്സ്റ്റ് എഡിറ്റിംഗ് ഫീച്ചര്‍ ഇനി ബീറ്റ ടെസ്റ്റിന് എത്തി. ഇതനുസരിച്ച് ലഭിക്കുന്ന ടൂളുകളും ഫോണ്ടുകളും ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും ജിഫുകളും എഡിറ്റ് ചെയ്യാനാകും. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. കീബോര്‍ഡിന് മുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോണ്ട് ഓപ്ഷനുകളിലൊന്ന് ടാപ്പുചെയ്യുന്നതിലൂടെ ഫോണ്ടുകള്‍ വേഗത്തില്‍ മാറ്റാനാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇതുവഴി ആവശ്യമുള്ള ഫോണ്ട് തെരഞ്ഞെടുക്കാം. പുതിയ ഫീച്ചര്‍ വരുന്നതോടെ ടെക്സ്റ്റ് അലൈന്‍മെന്റ് ഇടത്തോട്ടോ മധ്യത്തിലോ വലത്തോട്ടോ സജ്ജീകരിക്കാം. ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് പ്രധാനപ്പെട്ട ടെക്സ്റ്റുകളെ ബാക്കിയുള്ളവയില്‍ നിന്ന് വേര്‍തിരിച്ചറിയുന്നതിന് സഹായിക്കും. കാലിസ്റ്റോഗ, കൊറിയര്‍ പ്രൈം, ഡാമിയോണ്‍, എക്‌സോ 2, മോണിംഗ് ബ്രീസ് എന്നിവ ബീറ്റാ ടെസ്റ്ററുകള്‍ക്ക് ലഭ്യമാക്കിയ പുതിയ ഫോണ്ടുകളില്‍ ഉള്‍പ്പെടുന്നു.
വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ നിലവില്‍ ശ്രദ്ധ നേടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പ് ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍, കോണ്‍ടാക്ടുകള്‍, ഗ്രൂപ്പുകള്‍ എന്നിവ ലോക്ക് ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍ ആര്‍ക്കൊക്കെ ആക്സസ് ചെയ്യാനാകുമെന്നതില്‍ പൂര്‍ണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍, പിന്നിടത് ഓപ്പണ്‍ ചെയ്യാന്‍ ഉപയോക്താവിന് മാത്രമേ കഴിയൂ. അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.

