കേരളം വൈകാതെ വയോധികർ മാത്രം താമസമുള്ള സംസ്ഥാനമായി മാറുമെന്ന് ബിബിസി വാർത്ത; പ്രതിഷേധവുമായി ജനങ്ങൾ

തിരുവല്ല: ബിബിസിക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. കേരളം വൈകാതെ വയോധികർ മാത്രം താമസമുള്ള സംസ്ഥാനമായി മാറുമെന്ന ബിബിസിയുടെ വാർത്തക്കെതിരെയാണ് വലിയ പ്രതിഷേധം നടക്കുന്നത്. പത്തനംതിട്ട കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബിബിസി വാർത്ത തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഈ വാർത്തക്കെതിരെ കുമ്പനാട് സ്വദേശികളാണ് രംഗത്തെത്തിയത്.

കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം’ എന്ന പേരിലായിരുന്നു ബിബിസി ഈ വാർത്ത പ്രസിദ്ധീകരിച്ചത്. വലിയ വീടുകൾ നിർമിച്ച് പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി മക്കൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നുവെന്നും പല വീടുകളും പൂട്ടിക്കിടക്കുന്നുവെന്നുമാണ് വാർത്തയിൽ വ്യക്തമാക്കിയിട്ടുള്ളത്.

25,000 ആളുകൾ കുമ്പനാട്ടിൽ താമസമുണ്ടെന്നും ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും വാർത്തയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ജി ആശ ഇക്കാര്യം പറഞ്ഞതായാണ് വാർത്തയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, താൻ അങ്ങനെ പറഞ്ഞില്ലെന്ന് വ്യക്തമാക്കി ആശ രംഗത്തെത്തി. കുമ്പനാട്ടിനെ ചളിവാരിത്തേക്കുകയാണ് വാർത്തയിലൂടെ ചെയ്തതെന്നും ആശ ചൂണ്ടിക്കാട്ടി.