മുംബൈ: പ്രീപെയ്ഡ് സംവിധാനങ്ങളെ (പി.പി.ഐ.) യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി. സി.ഐ.). ഇതനുസരിച്ച് ഇനിമുതല്‍ ഡിജിറ്റല്‍ വാലറ്റുകളും പ്രീപെയ്ഡ് കാര്‍ഡുകളും യു.പി.ഐ. ആപ്പുകളുമായി ബന്ധിപ്പിച്ച് ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് വ്യാപാരികള്‍ക്ക് പണം നല്‍കാനാകും.
2,000 രൂപയില്‍ക്കൂടുതലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഇന്റര്‍ചേഞ്ച് ഫീസായി 1.10 ശതമാനംവരുന്ന തുക ഈടാക്കാനും എന്‍.പി.സി.ഐ. നിര്‍ദേശിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇതു പ്രാബല്യത്തില്‍ വരും.എന്നാല്‍, ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് യു.പി.ഐ. വഴി നേരിട്ട് പണം കൈമാറുന്നത് തുടര്‍ന്നും സൗജന്യമായിരിക്കും.
അതേസമയം, നിലവില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ള യു.പി.ഐ. ഇടപാടില്‍ ഉപഭോക്താവിന് ഒരു പൈസപോലും കൂടുതല്‍ നല്‍കേണ്ടിവരില്ല. ഇത്തരം ഇടപാടുകള്‍ സൗജന്യമായി തുടരും. വ്യാപാരികളുമായി ബന്ധപ്പെട്ട് നടക്കുന്ന യു.പി. ഐ. ഇടപാടുകളില്‍ 99.9 ശതമാനവും ഇത്തരത്തിലുള്ളതാണ്. ഡിജിറ്റല്‍ വാലറ്റില്‍നിന്നുള്ള 2,000 രൂപയില്‍ കൂടിയ ഇടപാടുകള്‍ക്കാണ് ഫീസുള്ളത്. ഇത് വ്യാപാരിയില്‍ നിന്നാണ് ഈടാക്കുക. വാലറ്റില്‍ പണം നിറയ്ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് പണം നല്‍കണമെന്നതിനാല്‍ പി.പി. ഐ. സേവനദാതാക്കളെയും ഇതു ബാധിക്കാം.

