ബോധപൂര്‍വം കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്: മന്ത്രി പി.എ മുഹമ്മദ് റിയാസ്‌

പ്രതിപക്ഷം മനപ്പൂര്‍വംനിയമസഭ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി പൊതുമരാമത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

‘ആദ്യമായല്ല അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി സഭയില്‍ നിഷേധിക്കുന്നത്. എന്നാല്‍, ഇത് വലിയ എന്തോ ഒരു സംഭവമാണ് എന്ന രീതിയില്‍ ബോധപൂര്‍വം കുഴപ്പമാണ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണിവിടെ നടക്കുന്നത്. നിയമസഭ നല്ല രീതിയില്‍ പോകണം എന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒക്കെ ആഗ്രഹം. സ്പീക്കറും വളരെ നല്ല രീതിയിലാണ് സഭ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍, പ്രതിപക്ഷം സഭ തടസപ്പെടുത്താന്‍ വേണ്ടി മനഃപൂര്‍വം ശ്രമിക്കുകയാണ്. സഭ നല്ല രീതിയില്‍ നടക്കണമെന്ന് പ്രതിപക്ഷത്തിന് ഒരു താല്‍പ്പര്യവുമില്ല. കേന്ദ്ര സര്‍ക്കാറിന് എതിരായ ഒന്നും പ്രതിപക്ഷ നേതാവ് പറയുന്നില്ല. ആര്‍എസ്എസ് ഏജന്റുമാരായി കേരളത്തിലെ ചില കോണ്‍ഗ്രസുകാര്‍ മാറുന്നുണ്ടോ എന്ന് പരിശോധിക്കണം. കേരള സര്‍ക്കാറിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം’- പാലക്കാട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ജില്ലയിലെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ഥ്യമല്ലേ എന്നും മരുമകന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു വിഷമവും തോന്നാറില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അത് കേള്‍ക്കുമ്പോള്‍ പേടിച്ച് വീട്ടിലിരിക്കുന്നവര്‍ അല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.