ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ദേശീയ ഹരിത ട്രിബ്യൂണൽ. ഖര മാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തിയെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വീഴ്ചകൾക്ക് കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ഇട്ട വിധിയിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരാമർശം.
വിഷയത്തിൽ ഉത്തരവാദികളെ കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിക്കാത്ത മനോഭാവം നിയമ വാഴ്ചയ്ക്ക് ഭീഷണിയാണ്. സംസ്ഥാന പോലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിൽ പറഞ്ഞിരുന്നു.
അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി നഗരസഭയ്ക്കെതിരായ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിനെ ഗൗരവമായി കാണുന്നുവെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. ബ്രഹ്മപുരം വിഷയത്തിൽ അടിയന്തരമായ ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

