വ്യാജ ഓഫര്‍ ലെറ്ററുകള്‍; ഇന്ത്യയില്‍ നിന്നുള്ള ഏഴുന്നോറോളം വിദ്യാര്‍ഥികളെ നാടുകടത്താനൊരുങ്ങി കാനഡ

ഒട്ടാവ: കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കാണിച്ച് ഇന്ത്യയില്‍ നിന്നുള്ള ഏഴുന്നോറോളം വിദ്യാര്‍ഥികളെ നാടുകടത്താനൊരുങ്ങുന്നു. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് നോട്ടിസ് ലഭിച്ചതായാണ് വിവരം.

ബ്രിജേഷ് മിശ്ര എന്നയാളുടെ മേധാവിത്വത്തില്‍ ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസ് വഴിയാണ് ഈ വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വിദ്യര്‍ഥിയില്‍നിന്ന് അഡ്മിഷന്‍ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയത്. എന്നാല്‍, ഇതില്‍ വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം.

അതേസമയം, 2018-19 കാലത്താണ് വിദ്യാര്‍ഥികള്‍ പഠനത്തിനായി കാനഡയിലേക്കു പോയത്. ഇപ്പോള്‍ കാനഡയില്‍ പിആറിനായി (പെര്‍മനന്റ് റെഡിസന്‍സ്) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വരുന്നത്. പിആറിന്റെ ഭാഗമായി അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.