തിരുവനന്തപുരത്ത് തരൂരിന് എതിരാളി ജയശങ്കറോ?

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, ബംഗളൂരു റൂറല്‍, വിശാഖപ്പട്ടണം റൂറല്‍ എന്നീ മണ്ഡലങ്ങളില്‍ ഒന്നിലായിരിക്കും മത്സരിക്കുകയെന്നാണ് സൂചന. ഈ മണ്ഡലങ്ങളിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ ജയശങ്കറിന് ബി.ജെ.പി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ് ജയശങ്കര്‍.

അതേസമയം, കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും ശശി തരൂരാണ് തിരുവനന്തപുരത്ത് നിന്ന് വിജയിച്ചത്. ഇത്തവണയും തരൂരിനാണ് കോണ്‍ഗ്രസ് ടിക്കറ്റിന് സാധ്യത കൂടുതല്‍. എന്നാല്‍, ജയശങ്കറിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കുന്നതെങ്കില്‍ പോരാട്ടം കനക്കാനാണ് സാധ്യത.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ജയശങ്കര്‍, 38 വര്‍ഷത്തോളം നീണ്ട സര്‍വീസിനിടെ സിംഗപ്പുര്‍, ചൈന, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ച ജയശങ്കര്‍, 2019 ജൂലൈയിലാണ് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റത്.