സ്മാര്‍ട് ഫോണുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം

ഡല്‍ഹി: സ്മാര്‍ട് ഫോണുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഫോണുകളില്‍ മുന്‍കൂട്ടി ഉള്ളടക്കം ചെയ്ത ആപ്പുകള്‍ ഒട്ടും തന്നെ സുരക്ഷിതമല്ല എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ വന്‍തോതില്‍ ചോരുന്നതിന് പല ആപ്പുകളും കാരണമാകുന്നുണ്ട്. ഇത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പുതിയ നിയമത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നേരത്തെ ടിക്ടോക് അടക്കം മുന്നൂറോളം ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്തോ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നിരോധനം. പല രാജ്യങ്ങളും ചൈനീസ് ആപ്പുകള്‍ നിരോധിച്ചിട്ടുണ്ട്. നിലവില്‍ പല ആപ്പുകളും ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയാത്ത വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പുതിയ നിയമ പ്രകാരം സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ ആപ്പുകള്‍ നീക്കം ചെയ്യാനുള്ള ഓപ്ഷന്‍ കൂടി നല്‍കേണ്ടി വരും. നിയമം നിലവില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്ബനികള്‍ ഇത് നടപ്പാക്കണം. നിലവില്‍ ചൈനീസ് കമ്ബനികള്‍ക്കാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുന്‍തൂക്കം. തൊട്ടു പിന്നില്‍ തെക്കന്‍ കൊറിയയാണ്. ആപ്പിളിന് കേവലം മൂന്ന് ശതമാനം മാത്രമേ ഷെയര്‍ ഉള്ളൂ.

കഴിഞ്ഞ മാസം എട്ടാം തീയതി പുതിയ നിയമം സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തില്‍ ഉന്നതതല യോഗം നടന്നതായി ‘ദ എക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. നിയമം എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്ബനികളിലെ ഉദ്യോഗസ്ഥരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. നിയമം നിലവില്‍ വരുന്നതോടെ പല ആപ്പുകളും സ്മാര്‍ട് ഫോണുകളില്‍ നിന്നും അപ്രത്യക്ഷമാകും.