ന്യൂഡൽഹി: പോൾ മുത്തൂറ്റ് വധക്കേസിൽ ഹൈക്കോടതി തെളിവുകൾ ശരിയായി പരിഗണിച്ചില്ലെന്ന് സിബിഐ. മുത്തൂറ്റ് വധക്കേസിൽ ഏട്ടു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ പോൾ മൂത്തൂറ്റിന്റെ കുടുംബം സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.
കേസിൽ രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷ നേരത്തെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത് , അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി ഫൈസൽ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ എന്നിവരുടെ മേൽ ചുമത്തിയിരുന്ന കൊലക്കുറ്റവും കോടതി ഒഴിവാക്കിയിരുന്നു.
കുറ്റകൃത്യങ്ങളിൽ ഇവർ നേരിട്ട് പങ്കെടുത്തെന്ന് പറയത്തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഇവരെ ഒഴിവാക്കിയത്. .എന്നാൽ വിചാരണക്കോടതി കണക്കിലെടുത്ത കാര്യങ്ങൾ പോലും ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് സിബിഐ വിമർശിച്ചു. ബൈക്കിൽ തട്ടിയ പോൾ മൂത്തൂറ്റിന്റെ വാഹനം നിർത്തിയില്ലെന്ന് ആരോപിച്ച് ജയചന്ദ്രന്റെ നേതൃത്വത്തിലാണ് പോൾ മൂത്തൂറ്റിന്റെ വാഹനത്തെ പിൻതുടരുകയും ആക്രമിക്കുകയും ചെയ്തത്. വാഹനം തട്ടിയതിൽ പോൾ മൂത്തൂറ്റ് മാപ്പ് പറഞ്ഞെങ്കിലും പ്രതികൾ ആക്രമിച്ചു. രണ്ടാം പ്രതി കാരി സതീഷിന്റെ കൈയിലിരുന്ന കത്തി കൊണ്ട് കുത്തിയ ശേഷവും പോൾ മൂത്തൂറ്റിനെ പ്രതികൾ ആക്രമിച്ചു. മറ്റു പ്രതികളെ അതിക്രമത്തിന് പ്രേരിപ്പിച്ചത് ജയചന്ദ്രനാണെന്നും സിപിഐ വ്യക്തമാക്കി.

