‘ഗൂഢാലോചനയുടെ ഭാഗം, എന്നെ വേട്ടയാടാനും രാഷ്ട്രീയഭാവി ഇല്ലാതാക്കാനും ശ്രമിച്ചു’; പ്രതികരണവുമായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ഹൈക്കോടതി എഫ്.ഐ.ആര്‍. റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്.

‘ദൈവത്തിന് നന്ദി പറയുന്നു. 2006-ല്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടത് ഈ കള്ളക്കേസ് കാരണമാണ്. ഞാന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ ഒരു മുന്‍ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് എനിക്കെതിരേ ഈ കേസ് ഉണ്ടായത്. 1990-ലുണ്ടായ ഒരു സംഭവത്തെ കുറിച്ച് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉള്‍പ്പെടെ യു.ഡി.എഫിന്റെ സര്‍ക്കാര്‍ രണ്ട് പ്രാവശ്യം ഈ കേസ് അന്വേഷിച്ചതാണ്. എനിക്കെതിരേ യാതൊരു തെളിവുമില്ലെന്ന് റിപ്പോര്‍ട്ട് കൊടുക്കുകയും ആ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 2006-ല്‍ എല്‍.ഡി.എഫ്. തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചതിന് തൊട്ടുമുന്‍പാണ് അന്ന് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസിനു പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അന്നേ പറഞ്ഞതാണ്. ഇത് രാഷ്ട്രീയപ്രേരിതമാണ്. എന്നെ വേട്ടയാടാനും രാഷ്ട്രീയഭാവി ഇല്ലാതാക്കാനും ബോധപൂര്‍വം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന് അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സത്യം ജയിച്ചിരിക്കുന്നു. കോടതി തന്റെ നിരപരാധിത്വം അംഗീകരിച്ചുകൊണ്ട് എഫ്.ഐ.ആര്‍. റദ്ദാക്കിയിരിക്കുകയാണ്. എന്നെ വേട്ടയാടി രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ചവരോട് ദൈവം ക്ഷമിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു. തനിക്കെതിരേയുള്ള കേസും അന്വേഷണവും കോടതി റദ്ദാക്കിയിരിക്കുന്നു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിക്കു പോകുന്നതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല’- മന്ത്രി പറഞ്ഞു.

അതേസമയം, കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം പരിഗണിച്ച ഹൈക്കോടതി പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന വാദം അംഗീകരിച്ചു. സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍ റദ്ദാക്കിയത്. നടപടി ക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസെടുക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.