ന്യൂഡല്‍ഹി:രണ്ടാം കോവിഡ് വ്യാപനത്തില്‍ രാജ്യത്തുടനീളം കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാന മാര്‍ഗം എത്തിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഒരാഴ്ചക്കുള്ളില്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
എളുപ്പത്തില്‍ ഉപയോഗിക്കാനും മാറ്റിസ്ഥാപിക്കാനുമെല്ലാം സാധ്യമാകുന്ന പ്ലാന്റാണിതെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യ വക്താവ് എ ഭാരത് ഭൂഷണ്‍ ബാബു വ്യക്തമാക്കി.കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന സായുധസേന മെഡിക്കല്‍ സര്‍വീസസ് (എ.എഫ്.എം.എസ്) ആശുപത്രികളില്‍ പ്ലാന്റുകള്‍ വിന്യസിക്കുമെന്ന് ഭാരത് ഭൂഷണ്‍ പറഞ്ഞു.
ജര്‍മനിയില്‍വ നിന്ന് കൊണ്ടുവരുന്ന ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്ററും മണിക്കൂറില്‍ 2400 ലിറ്റര്‍ വരെയും ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.മഹാമാരി കണക്കിലെടുത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ സംഭരണം നടത്തുന്നതിന് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും മറ്റ് പ്രതിരോധ ഏജന്‍സികള്‍ക്കും അടിയന്തര സാമ്പത്തിക അധികാരം നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചതിന് നാല് ദിവസത്തിന് ശേഷമാണ് മന്ത്രാലയത്തിന്റെ തീരുമാനം.

