ഭുവനേശ്വർ: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഇന്ത്യൻ ജനാധിപത്യത്തെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയും ജനാധിപത്യവും പ്രതിസന്ധിയിലാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രഭാഷണത്തിലെ പരാമർശങ്ങളെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.
ഇന്ത്യൻ ജുഡീഷ്യറിയെ പ്രതിപക്ഷ പാർട്ടികളുടെ താത്പര്യത്തിനനുസരിച്ച് മാറ്റാൻ കഴിയില്ല. തുക്ടെ തുക്ടെ ഗ്യാങിന് ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെയും സർക്കാരിന്റെയും നിയമവ്യവസ്ഥയുടെയും അടക്കം വിശ്വാസ്യത ഇവർ തകർക്കാൻ ശ്രമിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന് തുക്ടെ തുക്ടെ ഗ്യാങ് മനസിലാക്കണമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. തന്റെ അടക്കം ധാരാളം രാഷ്ട്രീയക്കാരുടെ ഫോണുകളിൽ പെഗാസസ് ഉണ്ടായിരുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ മാദ്ധ്യമങ്ങളെയും ജുഡീഷ്യറിയെയും പിടിച്ചെടുക്കുക, നിയന്ത്രിക്കുക, നിരീക്ഷണം ഏർപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ എന്നിവർക്കെതിരെയുള്ള ആക്രമണം തുടങ്ങിയവയൊക്കെയാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.

