മുംബയ്: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഡല്‍ഹി ആദ്യം ബാറ്റുചെയ്ത് 223/2 എന്ന കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ശേഷം ബാംഗ്ളൂരിനെ 163/8ല്‍ തളച്ചാണ് വമ്ബന്‍ വിജയം ആഘോഷിച്ചത്.
അര്‍ദ്ധസെഞ്ച്വറികള്‍ നേടുകയും ഓപ്പണിംഗില്‍ 14.3ഓവറില്‍ 162 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത ഷഫാലി വര്‍മ്മ(45 പന്തില്‍ 84 റണ്‍സ്),ക്യാപ്ടന് മെഗ് ലാന്നിംഗ്(43 പന്തില്‍ 72 റണ്‍സ്) എന്നിവരുടെ വെടിക്കെട്ടാണ് ഡല്‍ഹിയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. മരിസാന്നെ കാപ്പ് 39 റണ്‍സുമായും ജെമീമ റോഡ്രിഗസ് 22 റണ്‍സുമായും പുറത്താവാതെ നിന്നു. നാലോവറില്‍ 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ താര നോറിസാണ് ആര്.സി.ബി ബാറ്റിംഗ് നിരയെ തകര്‍ത്തത്. വനിതാ പ്രിമിയര്‍ ലീഗിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടത്തിന് ഉടമയായും നോറിസ് മാറി.
224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്.സി.ബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കം ലഭിച്ച ശേഷം ആര്.സി.ബി കളി കൈവിടുകയായിരുന്നു. ക്യാപ്ടന് സ്മൃതി മന്ഥാന (23 പന്തില്‍ 35), എല്ലിസെ പെറി (19 പന്തില്‍ 31), ഹീതര്‍നൈറ്റ് (21 പന്തില്‍ 34), മേഗന് ഷുട്ട് (19 പന്തില്‍30) എന്നിവര്‍ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. സോഫി ഡിവൈന്‍ (14), ദിഷ കസാറ്റ് (9), റിച്ച ഘോഷ് (2) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്നത്തെ മത്സരം മുംബയ് ഇന്ത്യന്‍സ് Vs ആര്.സി.ബി രാത്രി 7.30 മുതല്‍ ജിയോ സിനിമയില്‍

