തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കരാർ കാലാവധി ദീർഘിപ്പിച്ചു. ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി ദീർഘിപ്പിച്ചത്. 6,64,490 രൂപയാണ് സോഷ്യൽ മീഡിയ ടീമിന് ശമ്പള ഇനത്തിൽ മാത്രം പ്രതിമാസം സർക്കാർ നൽകുന്നത്. നവംബറിൽ കാലാവധി കഴിഞ്ഞ 12 അംഗ സംഘത്തിനാണ് ജോലിയിൽ തുടരാൻ സർക്കാർ അനുമതി നൽകിയത്.
75,000 രൂപയാണ് സോഷ്യൽ മീഡിയ സംഘത്തെ നയിക്കുന്ന കരാർ ജീവനക്കാരന്റെ പ്രതിമാസ ശമ്പളം. കണ്ടന്റ് മാനേജർക്ക് 70,000 രൂപയും സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർക്ക് 65,000 രൂപയും സോഷ്യൽ മീഡിയ കോർഡിനേറ്റർക്കും സ്ട്രാറ്രജിസ്റ്റിനും 65,000 രൂപയും കന്യൂട്ടർ അസിസ്റ്റന്റിന് 22,290 രൂപയുമാണ് വേതനം.
ഡെലിവറി മാനേജർ, റിസർച്ച് ഫെല്ലോ, കണ്ടന്റ് ഡെവലപ്പർ, കണ്ടന്റ് അഗ്രഗേറ്റർ, ഡേറ്റാ റിപോസിറ്ററി മാനേജർ തുടങ്ങിയ തസ്തികളുമുണ്ട്. മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിപാലിക്കുക എന്നതാണ് താത്ക്കാലിക ജീവനക്കാരുടെ ചുമതല.
സർക്കാരിന്റെ വാർത്താ പ്രചാരണത്തിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗമുണ്ട്. ഒന്നാം പിണറായി വിജയൻ സർക്കാരിൽ 9 പേരാണ് സോഷ്യൽ മീഡിയ സംഘത്തിലുണ്ടായിരുന്നത്. 2022 നവംബർ മെയ് 16 മുതൽ ആറുമാസത്തേക്കായിരുന്നു ആദ്യ നിയമനം നൽകിയത്.

